യുഎന്‍ അടക്കമുള്ള അന്തര്‍ദേശീയ ഏജന്‍സികള്‍ മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ സഹായങ്ങള്‍ തേടണമെന്നും ചെന്നിത്തല

തിരുവനന്തപുരം: മലയാളികളുടെ ഒരു മാസത്തെ ശമ്പളം പുതിയ കേരള നിര്‍മ്മിതിയ്ക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യം തത്വത്തില്‍ അംഗീകരിക്കാം. എന്നാല്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാധിക്കുമോ എന്നത് സംശയമാണെന്ന് ചെന്നിത്തല പറഞ്ഞു. 

കേരളം പുനര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസഹായം കൂടുതല്‍ വേണം. ഡീറ്റേല്‍ മെമ്മറാണ്ടം തയ്യാറാക്കി നല്‍കുമ്പോള്‍ സ്വാഭാവികമായും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സഹായം നേടിയെടുക്കണം. യുഎന്‍ അടക്കമുള്ള അന്തര്‍ദേശീയ ഏജന്‍സികള്‍ മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ സഹായങ്ങള്‍ തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് രാജ്യം പാസാക്കിയിട്ടുണ്ട്. സ്വമേധായാ സഹായം നല്‍കുന്നുവെങ്കില്‍ അത് സ്വീകരിക്കാമെന്ന് പാര്‍ലമെന്‍റ് പാസാക്കിയ ആക്ടില്‍ തന്നെ പറയുന്നുണ്ട്. അത്തരം സഹായങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ഉണ്ടാകണം. കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തോട് ആവശ്യപ്പെടണം. കേരളം ഒറ്റക്കെട്ടായി നിന്നാല്‍ നേരിടാമെന്നാണ് താന്‍ കരുതുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. 

20000 കോടിയാണ് സര്‍ക്കാര്‍ നിലവില്‍ നഷ്ടം കണക്കാക്കുന്നത്. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു.