തിരുവനന്തപുരം: വനിത മതിലിന്റെ രമേശ് ചെന്നിത്തലയെ മുഖ്യരക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറ്റി . ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റേതാണ് തീരുമാനം. രമേശ് ചെന്നിത്തല ജില്ലാ കളക്ടറെ വിളിച്ച് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ മന്ത്രിമ‌ാർ മാത്രമാകും ഇനി ആലപ്പുഴയിലെ മുഖ്യരക്ഷാധികാരികളെന്നാണ് തീരുമാനം.

സംഘാടക സമിതി യോഗത്തിലാണ് ചെന്നിത്തലയെ മുഖ്യരക്ഷാധികാരിയാക്കിയെന്ന പ്രഖ്യാപനമുണ്ടായത്.ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തിരുന്നു. തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്. എന്നാല്‍ തന്‍റെ അറിവോടെയല്ല ഈ തീരുമാനമെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതിപക്ഷനേതാവ് പ്രതിഷേധം ജില്ലാ കളക്ടറെ അറിയിച്ചിരുന്നു.