മന്ത്രി ഇ പി ജയരാജന്‍ സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. നാളെ ആലപ്പാട് എത്തുമെന്ന് ചെന്നിത്തല.

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടത്. നാളെ ആലപ്പാട് എത്തുമെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ജനകീയ സമരത്തിന് അനുകൂലമായ നിലപാടാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളി എംഎല്‍എ എം രാമചന്ദ്രനും എടുത്തത്. വിഷയം പഠിക്കാന്‍ മുഖ്യമന്ത്രി ഉന്നതല യോഗവും വിളിച്ചിരുന്നു. ഇതിനിടെയാണ് വ്യവസായ മന്ത്രി സമരത്തിന് എതിരായ നിലപാട് കടുപ്പിച്ചത്.