ന്യൂഡൽഹി: വ്യാജ പാസ്പോർട്ട് കേസിൽ അധോലോക നായകൻ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് പട്യാല ഹൗസ് കോടതി. ഛോട്ടാ രാജനൊപ്പം മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരായ ജയശ്രീ ദത്താത്രേയ റഹാതോ, ദീപക് നട്വർലാൽ, ലളിത ലക്ഷ്ണൺ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥർ. ഇവരുടെ സഹായത്തോടെ മോഹൻ കുമാർ എന്ന പേരിൽ വ്യാജ പാസ്പോർട്ട് നിർമിച്ചുവെന്നായിരുന്നു കേസ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മയക്ക് മരുന്ന് കടത്തൽ തുടങ്ങിയ 85ഓളം കേസുകളാണ് രാജേന്ദ്ര സദാശിവ് നികൽജി എന്ന ഛോട്ടാരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 2015ൽ ഇൻഡനോഷ്യൻ പൊലീസാണ് ഛോട്ടാരാജനെ പിടികൂടി ഇന്ത്യക്ക് കൈമാറിയത്.
