അനുകൂല വിധിക്കായി കോഴ വാഗ്ദാനം ചെയ്‍തതായി കർണാടകം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വെളിപ്പെടുത്തൽ.. കേസ് പരിഗണിക്കവെ ഇക്കാര്യം തുറന്ന കോടതിയിൽ വെളിപ്പെടുത്തിയ ചീഫ് ജസ്റ്റിസ് വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി. കേരള ഹൈക്കോടതി ജഡ്‍ജി ജസ്റ്റിസ് കെ ടി ശങ്കരനും നേരത്തെ സമാന വെളിപ്പെടുത്തൽ നടത്തിയിരുന്നു.
2008ൽ രണ്ട് കോടി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി റവന്യൂ വകുപ്പ് ലേലം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ കേസിലെ പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോഴാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രോ കമൽ മുഖർജി തനിക്ക് കോഴ വാഗ്ദാനം ചെയ്‍തതായി തുറന്ന കോടതിയിൽ വെളിപ്പെടുത്തിയത്.. കഴിഞ്ഞ ദിവസം ബംഗാളി സംസാരിക്കുന്ന രണ്ട് പേർ തന്റെ വസതിയിലെത്തി കേസിലെ കക്ഷിയായ സ്വകാര്യകമ്പനിക്ക് അനുകൂല വിധി പ്രസ്‍താവിക്കുന്നതിന് കോഴ വാഗ്‍ദാനം ചെയ്‍തുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി.. അനുകൂല വിധിക്ക് കോഴ വാഗ്‍ദാനം ഉണ്ടായെന്ന് തുറന്ന കോടതിയിൽ വെളിപ്പെടുത്തിയ രാജ്യത്തെ രണ്ടാമത്തെ ജഡ്‍ജിയാണ് ജസ്റ്റിസ് എസ് കെ മുഖർജി.. നേരത്തെ കേരള ഹൈക്കോടതി ജഡ്‍ജി ജസ്റ്റിസ് കെ ടി ശങ്കരൻ കേസിലെ പ്രതികൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കോഴ വാഗ്ദാനം ചെയ്‍തതിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
