മാസ്റ്റർ ഓഫ് റോസ്റ്റർ ചീഫ് ജസ്റ്റിസ് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ നടപടി
ദില്ലി: ജഡ്ജിമാര്‍ക്ക് കേസുകള്‍ വീതിച്ചു നല്‍കുന്നതിനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി. മറ്റ് ജഡ്ജിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യം ചീഫ് ജസ്റ്റിസിനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഏകപക്ഷീയമായി ചീഫ് ജസ്റ്റിസ് കേസുകള്‍ വിഭജിച്ച് നല്‍കുന്നത് ചോദ്യം ചെയ്ത് മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണാണ് സുപ്രീംകോടതിയില്‍ പൊതു താല്പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. സ്ഥാപിത താല്‍പര്യങ്ങള്‍ ഒഴിവാക്കുന്നതിന്, കൊളീജിയം അംഗങ്ങളുമായി ആലോചിച്ചു വേണം ചീഫ് ജസ്റ്റിസ് കേസുകള്‍ വീതിച്ച് നല്‍കേണ്ടത് എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസിനെയും രജിസ്ട്രാറേയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കുകയും ചെയ്തു.
എന്നാല്‍ ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം പൂര്‍ണമായി തള്ളി. കേസുകള്‍ വിഭജിക്കുന്നതില്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരം. ഇക്കാര്യത്തില്‍ ഒരു സംശയമോ തര്‍ക്കമോ ഇല്ല. സുപ്രീംകോടതിയുടെ ഭരണത്തലവന്‍ കൂടിയാണ് ചീഫ് ജസ്റ്റിസ്. കേസുകള്‍ വീതിക്കുന്നതില്‍ മറ്റ് ജഡജിമാരുമായി ചര്‍ച്ച ചെയ്യേണ്ട ബാധ്യത ചീഫ് ജസ്ററിസിനില്ല. ചീഫ് ജസ്റ്റിസ് എന്ന പദവി കൊളീജിയം കൂടി ഉള്‍പ്പെട്ടതല്ല. ഇക്കാര്യത്തില്‍ ഭരണഘടന മൗനം പാലിക്കുന്നുണ്ടാവാം. പക്ഷെ കോടതിയുടെ അച്ചടക്കവും അന്തസ്സും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കീഴ്വഴക്കം കാലങ്ങളായി പാലിച്ചുവരുന്നതെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസുകള്‍ വീതിച്ചു നല്കുന്നതില്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ജനുവരി 12 ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ദേശീയ പ്രാധാന്യമുള്ള കേസുകള്‍ പോലും സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തി ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്‍റെ അധികാരം ചോദ്യം ചെയ്ത് പൊതുതാല്പ്പര്യ ഹര്‍ജി എത്തിയത്.
