ആഢംബരവും ധൂർത്തും ഒഴിവാക്കിയാവണം വീടുകളുടെ നിർമ്മാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകളാണ് വരും തലമുറയക്ക് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാശത്തിന്റെ വക്കിൽ പരിസ്ഥിതി എത്തുമ്പോൾ എല്ലാ രംഗങ്ങളിലും കരുതൽ വേണമെന്ന് മുഖ്യമന്ത്രി. കോൺക്രീറ്റ് വീടുകൾക്ക് പകരം മുളയും മണ്ണും ഉപയോഗിച്ച് പ്രകൃതിയോട് ഇണങ്ങിയുള്ള ഭവന നിർമാണ രീതിക്ക് കൂടുതൽ പ്രാധാന്യം നൽകണം. പരിസ്ഥിതി സൗഹൃദ വീടുകളെന്ന സന്ദേശം പ്രാവർത്തികമാക്കിയ ഹാബിറ്റാറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിക്കിണങ്ങിയ ഹാബിറ്റാറ്റ് വീടുകളുടെ പ്രദർശനവും മുഖ്യമന്ത്രി നടന്നുകണ്ടു. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽകുന്ന ആഘോഷപരിപാടികളാണ് ഹാബിറ്റാറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലൈ ഫ് മിഷന്റെ പദ്ധതിയുടെ ഭാഗമായി ഹാബിറ്റാറ്റുമായി ചേർന്ന് പരിസ്ഥിതി സൗഹൃദ വീടുകൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.