തിരുവനന്തപുരം: പൊലീസിനെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നില്ല. ലാവ്‍ലിന്‍, ജിഷ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, തടവുകാരുടെ ശിക്ഷാ ഇളവ് തുടങ്ങി എം.എല്‍.എമാരുടെ പ്രധാന ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് അവകാശ ലംഘനമാണ്. പൊലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയോട് പ്രതിപക്ഷം സഹകരിക്കുന്നത് എന്തിനെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് ഗൗരവമുള്ള കാര്യമാണെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.