തിരുവനന്തപുരം: പി.ടി ഉഷയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെയും കണ്ണോടും കൂടി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാകില്ല. വ്യക്തികള്‍ക്കല്ല, കായികതാരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പി.ടി ഉഷയുടെ ഇടപെടലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പിന്നീട് പുറത്ത് വന്നത്. പി.ടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്ന് അത്‌ലറ്റിക് ഫെഡറേഷന്റെ സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള താരങ്ങളെ തെരഞ്ഞെടുത്ത കമ്മറ്റിയില്‍ താന്‍ ആരുമല്ലായിരുന്നു എന്നാണ് ഉഷയുടെ വാദം. സെലക്ഷന്‍ കമ്മറ്റിയില്‍ താന്‍ ആരുമല്ലായിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് കായിക മന്ത്രാലയം വരെ തന്നെ തള്ളിപ്പറയുകയാണെന്നും ഉഷ പറഞ്ഞിരുന്നു.