ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നവരാണ് ലിവ് ഇൻ ബന്ധം തെരഞ്ഞെടുക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. കുടുംബം സംസ്കാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സംഗമമാണ്. ഇന്ത്യയിലെ ജനനനിരക്ക് കുറയുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊൽക്കത്ത: ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നവരാണ് ലിവ് ഇൻ ബന്ധം തെരഞ്ഞെടുക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. സമൂഹത്തിൽ കുടുംബബന്ധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് പ്രതികരണം. കുടുംബം, വിവാഹം, ശാരീരിക സംതൃപ്തിയുടെ മാത്രം മാർഗമല്ല. സംസ്കാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സംഗമമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ആർഎസ്എസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
19-25 വയസ്സിനിടയിൽ വിവാഹം നടക്കുകയും മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്താൽ മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എത്ര കുട്ടികൾ വേണമെന്ന് കുടുംബങ്ങളാണ് തീരുമാനിക്കുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങളെ ഇന്ത്യ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടില്ല. ജനനനിരക്ക് മൂന്നിൽ താഴെയായാൽ ജനസംഖ്യ കുറയുന്നു. അത് 2.1 ൽ താഴെയായാൽ അത് അപകടകരമാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നമ്മൾ 2.1 ൽ എത്തിയിരിക്കുന്നത് ബിഹാർ കാരണമാണ്. അല്ലെങ്കിൽ നമ്മുടെ ജനനനിരക്ക് 1.9 ആണ്. ഞാൻ ഒരു മതപ്രഭാഷകനാണ്, അവിവാഹിതനാണ്. ഈ കാര്യത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി കെ ജോഷി എന്നിവരടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.


