മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തുന്ന പിണറായി വിജയന് ഇന്ന് തിരക്കിട്ട പരിപാടികള്‍. വിമാനത്താവളത്തിലും കേരളാ ഹൗസിലും പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ പ്രവര്‍ത്തകരും സ്വീകരണം നല്കും. പന്ത്രണ്ടു മണിക്ക് ഉപരാഷ്ട്രപതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 

ഇതിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെ പിണറായി വിജയന്‍ കാണും. എഴ് റെയ്‌സ്‌കോഴ്‌സ് റോഡില്‍ നാലു പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ആറുമണിക്ക് രാഷ്ട്രപതിഭവനിലെത്തി രാഷ്ടപതി പ്രണബ് മുഖര്‍ജിയെ കാണും. അധികാര രാഷ്ട്രീയത്തില്‍ നിന്ന് 16 വര്‍ഷമായി മാറി നില്ക്കുന്ന പിണറായി കേന്ദ്ര നേതാക്കളുമായി നല്ല ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം നടത്തുന്നത്. 

സൗഹൃദസന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും പ്രത്യേക അജണ്ടയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരക്കുസേവന നികുതി ബില്‍ പാസ്സാക്കാന്‍ കേന്ദ്രം കൂടിക്കാഴ്ചയില്‍ പിണറായിയുടെ പിന്തുണ തേടിയേക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാകും പിണറായി വിജയന്‍ മടങ്ങുക. ഞായറാഴ്ച കേരളഹൗസില്‍ ദില്ലിയിലെ വിവിധ സംഘടനകള്‍ പിണറായിക്ക് പൊതുസ്വീകരണവും ഒരുക്കിയിട്ടുണ്ട്.