തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. രാജി വിവരം പുറത്തെത്തിയ ഉടന്‍ മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്നാണ് തോമസ് ചാണ്ടി പ്രതികരിച്ചത്. അതേസമയം പുതിയ മന്ത്രി ഉടന്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ തിരിച്ചുവരവ് തള്ളാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്‍സിപിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിടുമ്പോള്‍ നേരത്തെ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും തന്നെയാണ് സാധ്യതകള്‍. ഹണിട്രാപ്പ് കേസില്‍ ശശീന്ദ്രന്‍ കുറ്റവിവമുക്തനായാല്‍ മന്ത്രിസ്ഥാനം ശശീന്ദ്രനിലേക്ക് തിരികെയെത്തും. അതേസമയം കായല്‍ കൈയേറ്റ കേസില്‍ കുറ്റവുമുക്തനായാല്‍ ചാണ്ടി വീണ്ടും മന്ത്രിയാകും. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്നും മന്ത്രിസ്ഥാനം തിരികെ ലഭിക്കുമെന്നുള്ള ആത്മവിശ്വാസമാണ് ചാണ്ടിയുടെ പ്രതിരികരണം വ്യക്തമാക്കുന്നത്.
എന്നാല്‍ ശശീന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്ന തരത്തില്‍ യുവതി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതോടെ കേസ് അപ്രസക്തമാകും. കോടതിയുടെ അഭിപ്രായം കൂടി വന്നാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും.
