കുളച്ചല്‍ പദ്ധതിക്ക് അനുമതി നല്‍കിയ അന്നുതന്നെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. നാളെ മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കും. സാഗര്‍മാല പദ്ധതിയിലെ അനിശ്ചിതത്വം നീക്കണമെന്നും ആവശ്യപ്പെടും. കുളച്ചല്‍ പദ്ധതി വിഴിഞ്ഞം പദ്ധതിയുടെ കൊലക്കയറാണ്. 30 കിലോമീറ്ററിനുള്ളില്‍ രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍ വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു സബ്മിഷന്‍ ഉന്നയിച്ച എം വിന്‍സെന്റ് എംഎല്‍എയുടെ ആവശ്യം
ഇടപെടാന്‍ തയാറാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പിപിപി മാതൃകയുടെ ദോഷവശങ്ങള്‍ കാരണം സര്‍ക്കാരിന് വേണ്ട പോലെ ഇടപെടാനാകുന്നില്ലെന്നും കുറ്റപ്പെടുത്തി. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ചെയ്യാനാകുന്നതൊക്കെ ചെയ്യുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
