നഴ്‌സുമാരുടെ സമരം പൂരത്തെ ബാധിക്കാതിരിക്കാന്‍ ക്രമീകരണമൊരുക്കും

തൃശൂര്‍: പൂരം വെടിക്കെട്ടിന് ഇത്തവണയും തടസങ്ങളൊന്നുമില്ല. കഴിഞ്ഞ തവണത്തെ പോലെ നടത്താന്‍ അനുമതി ലഭിച്ചു. 23ന് സാമ്പിള്‍ വെടിക്കെട്ടും 25ന് അര്‍ദ്ധരാത്രിക്ക് ശേഷം പ്രധാന വെടിക്കെട്ടുകളും നടക്കും. ഇത്തവണ പൂരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു. കുടമാറ്റത്തിന് വിദേശികള്‍ക്കുള്ള പവലിയന് സമീപത്താണ് മുഖ്യമന്ത്രിക്ക് സൗകര്യമൊരുക്കുക.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചു. വെടിക്കെട്ട് സാമഗ്രികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് അനുമതി ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ കൗശികന്‍ വ്യക്തമാക്കി. നൂറു മീറ്റര്‍ ജനങ്ങളെ ഒഴിവാക്കിക്കൊണ്ട് കര്‍ശന സുരക്ഷയോടെയായിരിക്കും വെടിക്കെട്ട് നടത്തുക. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. 

പൂരത്തിനോടനുബന്ധിച്ച് 24ന് രാത്രി എട്ട് മുതല്‍ 26 ഉച്ചയ്ക്ക് രണ്ട് വരെ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. പൂരദിനങ്ങളില്‍ ലേസര്‍ ലൈറ്റ്, ട്യൂബ് ബലൂണ്‍, വലിയ വിസില്‍, ഹെലിക്യാം, ഹെലികോപ്റ്റര്‍ എന്നിവയ്ക്കും നിരോധനം പ്രഖ്യാപിച്ചു. 
സ്ത്രീകള്‍ക്ക് കുടമാറ്റം കാണാന്‍ സൗകര്യമൊരുക്കും. പഴയ കെട്ടിടങ്ങളില്‍ കയറാന്‍ കാഴ്ചക്കാരെ അനുവദിക്കില്ല. ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും നിരക്ക് ക്രമീകരിക്കാന്‍ യോഗം വിളിച്ച് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 

വടക്കുന്നാഥന്‍ ക്ഷേത്രമതില്‍കെട്ടിനകത്ത് കയറാന്‍ കഴിയാത്തവര്‍ക്ക് ഇലഞ്ഞിത്തറ മേളം ആസ്വദിക്കുന്നതിനായി വിവിധയിടങ്ങളില്‍ എല്‍ഇഡി വാളുകള്‍ സ്ഥാപിക്കും. 
നഴ്‌സുമാരുടെ സമരം പൂരത്തെ ബാധിക്കാതിരിക്കാന്‍ ക്രമീകരണമൊരുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പൂരത്തിന്റെ തലേന്ന് 24 മുതലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പണിമുടക്കുന്ന നഴ്സുമാരും ഇതര ആശുപത്രി ജീവനക്കാരും സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തില്‍ പങ്കെടുക്കാനായി പുറപ്പെടുമെന്നാണ് വിവരം. നഗരത്തില്‍ ജനറല്‍ ആശുപത്രിയും ഒമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള മെഡിക്കല്‍ കോളജുമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. 

അതേസമയം, പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും സ്‌ക്വാഡുകളും സജ്ജമായിതുടങ്ങി. കുടമാറ്റം നടക്കുന്ന തെക്കേ ഗോപുരനടയില്‍ പ്രത്യേക സുരക്ഷയൊരുക്കും. കുടമാറ്റത്തിന്റെ സമയത്ത് ആനകളുടെയും മേളക്കാരുടെ മുന്നിലേക്കും നാല് ഭാഗത്ത് നിന്ന് ആളുകള്‍ തള്ളികയറുന്നത് തടയാന്‍ ഇത്തവണ വടത്തിന് പകരം ബാരിക്കേഡ് സ്ഥാപിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ നായര്‍ അറിയിച്ചു.

വെടിക്കെട്ടിന്റെ സമയത്തും പൊതുജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തും. മുവായിരത്തോളം പോലീസുകാരെയാണ് ഇത്തവണ പൂരം ഡ്യൂട്ടിക്കുണ്ടാവുക. ഇതിന് പുറമേ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കമാന്റോകളേയും നിയോഗിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.