കൊച്ചി: നടന്‍ ദിലീപിന്‍റെ തിയേറ്റര്‍ സമുച്ചയം ഡി സിനിമാസിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് . മുൻസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചാണ് നിർമ്മാണമെന്നാണ് കണ്ടെത്തൽ . ഇതുസംബന്ധിച്ച് ചീഫ് ടൗണ്‍ പ്ലാനർ റിപ്പോർട്ട് നൽകി . 3886 സ്ക്വയര്‍ മീറ്റർ നിര്‍മ്മാണത്തിനായിരുന്നു ചീഫ് ടൗണ്‍ പ്ലാനർ അനുമതി കൊടുത്തത്. എന്നാല്‍ അനുമതി കിട്ടിയതിലും 689.86 സ്ക്വയര്‍ മീറ്റര്‍ അധികം പണിതാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് . അനധികൃത നിര്‍മ്മാണം ക്രമപ്പെടുത്തിയത് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്. മുൻസിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല.

അതേസമയം ഡി സിനിമാസിനു വേണ്ടിയുള്ള ഭൂമി ഇടപാടില്‍ വ്യാപകക്രമക്കേട് നടന്നതായി ലാൻറ് റവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിൻറെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് പുറത്തുവിട്ടിരുന്നു. 35 സെൻറ് സ്ഥലം തോട് പുറമ്പോക്കാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കി സ്ഥലം വലിയ തമ്പുരാൻ കോവിലകം വകയാണ്. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്ദേശപ്രകാരം 2015ലാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഡി സിനിമാസിന്‍റെ ഭൂമി കയ്യേറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തൃശൂർ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടർ എം എസ് ജയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ഇതുസംബന്ധിച്ച് ഹർജി നൽകിയത്.