കോഴിക്കോട്: കഴിഞ്ഞ പത്ത് മാസത്തെ കണക്കുകൾ നോക്കുമ്പോൾ കോഴിക്കോട് കുട്ടിക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ചൈല്‍ഡ് ലൈന്‍. ഈ കാലയളവിൽ 658 കേസുകളാണ് ഇത്തരത്തില്‍ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുളളത്. കുട്ടികള്‍ക്കെതിരെ 92 ലൈംഗികാതിക്രമ കേസുകളാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 109 കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകൾ കൂടി വരുമ്പോൾ വര്‍ധനവുണ്ടാവുമെന്നാണ് ആശങ്കയെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി പറഞ്ഞു. കൂടാതെ ഈ കാലയളവിൽ ജില്ലയില്‍ എട്ട് ശൈശവ വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ബാലഭിക്ഷാടനവും ബാലവേലയും ജില്ലയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാലഭിക്ഷാടനം 10 എണ്ണവും ബാലവേല ഒന്നുമാണ് കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍പെട്ട ഏഴ് പേരെയും, പാര്‍പ്പിടമില്ലാത്ത 67 പേര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനും ജില്ലാ ചൈല്‍ഡ് ലൈനിനായി.
കൂടാതെ മാനസികമായി പ്രയാസമനുഭവപ്പെടുന്ന 67 കുട്ടികള്‍ക്ക് ഇമോഷനല്‍ സപ്പോര്‍ട്ട് ഗൈഡ് ക്ലാസുകള്‍ നല്‍കി പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാനും സാധിച്ചതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം 23 കുട്ടികളെ ജില്ലയില്‍ നിന്നും ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ച് സ്വദേശത്തെത്തിക്കാനും ചൈല്‍ഡ് ലൈന് കഴിഞ്ഞിട്ടുണ്ട് .
