Asianet News MalayalamAsianet News Malayalam

ഇരയായി പിഞ്ചു കുഞ്ഞ്; ബന്ദില്‍ രണ്ട് വയസുകാരിയുടെ ജീവന്‍ പൊലിഞ്ഞു

സാധാരണയായി ഒരു മണിക്കൂറില്‍ എത്താവുന്ന ദൂരം ബന്ദ് അനുകൂലികള്‍ തടഞ്ഞതിനാല്‍ മൂന്ന് മണിക്കൂര്‍ എടുത്തതായി പ്രമോദ് പറയുന്നു. തടസങ്ങള്‍ നേരിട്ടില്ലായിരുന്നുവെങ്കില്‍ മകള്‍ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

child dies on Way to Hospital as Protesters Block Traffic
Author
Patna, First Published Sep 10, 2018, 5:52 PM IST

പാറ്റ്ന: നാടിനെയും നഗരങ്ങളെയും നിശ്ചലമാക്കിയ ഭാരത് ബന്ദിന്‍റെ ഇരയായി രണ്ട് വയസുകാരി. ബീഹാറില്‍ ബന്ദ് അനുകൂലികള്‍ വാഹനം കടത്തി വിടാതിരുന്നതിനാല്‍ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ ബലബിഗാ സ്വദേശിനിയായ ബെബി കുമാറാണ് മരണപ്പെട്ടത്.

ബെബിയുടെ അച്ഛന്‍ പ്രമോദ് മാഞ്ചി തന്‍റെ മകളുടെ മരണം ബന്ദ് നടത്തിയവര്‍ മൂലമാണെന്ന് ആരോപണവുമായി രംഗത്തെത്തി. പ്രമോദ് പറയുന്നതിങ്ങനെ. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് വയറിളക്കമുണ്ടായിരുന്നു. ഇന്ന് അവസ്ഥ കൂടുതല്‍ മോശമായതോടെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി തീരുമാനിച്ചു.

എന്നാല്‍, ബന്ദ് ആയതിനാല്‍ ഒരു വാഹനം പോലും ലഭിച്ചില്ല. ജെനാബാദിലേക്കുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു പോകേണ്ടത്. ഒത്തിരിയേറെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ കൊണ്ട് പോകുന്നതിനായി ഒരു ഓട്ടോറിക്ഷ ലഭിച്ചത്. ദേശീയ പാത 83ലൂടെ ജെനാബാദിലേക്കുള്ള മുഖ്യ വഴിയിലൂടെ ഞങ്ങള്‍ പോയി.

ഇടയ്ക്കിടെ ബന്ദ് അനുകൂലികള്‍ തടസങ്ങള്‍ സൃഷ്ടിച്ചതിനാല്‍ യാത്ര ഏറെ ദുസഹമായിരുന്നു. ജെനാബാദിലേക്ക് എത്തുന്നതിന് മുമ്പ് തന്‍റെ കുഞ്ഞ് മരിച്ചതായും പ്രമോദ് പറഞ്ഞു. കുട്ടി മരണപ്പെട്ട ഹോര്‍ളിഗഞ്ചില്‍ ബന്ദ് അനുകൂലികള്‍ വഴി തടസുമുണ്ടാക്കിയതായി നാട്ടുകാരും പറഞ്ഞു.

സാധാരണയായി ഒരു മണിക്കൂറില്‍ എത്താവുന്ന ദൂരം ബന്ദ് അനുകൂലികള്‍ തടഞ്ഞതിനാല്‍ മൂന്ന് മണിക്കൂര്‍ എടുത്തതായി പ്രമോദ് പറയുന്നു. തടസങ്ങള്‍ നേരിട്ടില്ലായിരുന്നുവെങ്കില്‍ മകള്‍ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണം വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത് ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു. ബന്ദ് നടത്തിയ കോണ്‍ഗ്രസിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കടുത്ത ആക്രമണമാണ് നടത്തിയത്. ഭയത്തിന്‍റെ സാഹചര്യങ്ങള്‍ രാജ്യത്തുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസ് ഉത്തരം പറയണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios