കാസര്‍കോട് : കാറിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് പിഞ്ചു കുഞ്ഞു മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവലിലെ മുഹമ്മദ്‌ഷെരീഫ് ഫസീല ദമ്പതികളുടെ എട്ടുമാസം മാത്രം പ്രായമായ മകന്‍ മുഹമ്മദ് സിയാനാണ് മരിച്ചത്. അപകടത്തില്‍ ഫസീലയുടെ മാതാവ് ആയിഷ (45) ബന്ധു ഫാത്തിമ (10) എന്നിവര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് പാലക്കുന്ന് മീന്‍ ചന്തക്കടുത്താണ് അപകടം. യൂട്ടേന്‍ എടുത്ത കാര്‍ എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞപ്പോള്‍ ഫസീലയുടെ കൈയില്‍ നിന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
