ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു.

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസ്സുകാരിയെ വിവാഹം കഴിച്ചത് 28 വയസുകാരനായ പ്രവാസി. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു. ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.

ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും ചെയ്തു. ഇതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി. കെ താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സമഗ്ര അന്വേഷണത്തിന് ഉന്നത പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബഡുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. വിവാഹം നടത്തിയത് സംബന്ധിച്ച് ദൃശ്യങ്ങളും രേഖകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവം വിവാദമായതിന് പിന്നാലെ വരൻ ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായാണ് വിവരം.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News