കണ്ണൂരില്‍ നാലുവയസുകാരിക്ക് പീഡനം, പുറത്തറിഞ്ഞത് ഒന്നര വർഷത്തിന് ശേഷം
കതിരൂര്: തിരിച്ചറിവില്ലാത്ത പ്രായത്തിൽ ലൈംഗികാതിക്രമത്തിനിരയായതിന്റെ ഞെട്ടലിൽ വിറങ്ങലിച്ച് കണ്ണൂരിൽ ഒരു അഞ്ച് വയസ്സുകാരിയും കുടുംബവും. പല തവണ പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാൻ പ്രതി പെൺകുട്ടിയെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പോക്സോ ചുമത്തി കേസെടുത്തെങ്കിലും പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇപ്പോൾ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
കളിയും ചിരിയും മാഞ്ഞ് പെട്ടെന്ന് മകൾ നിശബ്ദയായതും, അവളുടെ വിട്ടുമാറാത്ത വയറുവേദനയുമാണ് മാതാപിതാക്കളിൽ സംശയമുണർത്തിയത്. ഏറെ നാളത്തെ സ്നേഹപൂർവ്വമായ ഇടപെടലിന് ശേഷം അവൾ മനസ്സ് തുറന്നു. നാല് വയസുള്ളപ്പോൾ അമ്മ ജോലിക്കായി വീട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് സംഭവം. അച്ഛൻ പുറത്തുപോകുന്പോൾ അയൽക്കാരനായ 17കാരൻ വീട്ടിലെത്തും. സ്വന്തം വീട്ടിൽ വച്ച് പല തവണ പീഡനത്തിനിരയായി. 10 വയസ്സുകാരനായ മൂത്ത സഹോദരനും കുട്ടിയുടെ ഇരട്ട സഹോദരനും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടാകാറ്.
പീഡനവിവരം പുറത്തുപറയാതിരിക്കാനാണ് പിന്നീട് കുട്ടിയെ വണ്ടിയിടിപ്പിച്ചത്. അപകടത്തിൽ വലത്തേ തുടയെല്ല് തകർന്ന് കിടപ്പിലായി. സാധാരണ അപകടമെന്ന് കരുതിയ വീട്ടുകാർ പിന്നീട് സത്യങ്ങളോരോന്നായി അറിഞ്ഞു. ചെൽഡ് ലൈൻ ഇടപെട്ട കേസിൽ കുറ്റപത്രം തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ശിക്ഷിക്കുന്നത് സംബന്ധിച്ച് ഒന്നും ഈ കുടുംബത്തിന് പറയാനില്ല. ഇപ്പോൾ ശാരീരികമായും മാനസികമായും തകർന്നുപോയ മകളെ, ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ പാടുപെടുകയാണ് ഈ നിർധന കുടുംബം.
