കോട്ടയം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമണക്കേസുകളില്‍ ജില്ലയില്‍ ഭീതിപ്പെടുത്തുന്ന വര്‍ദ്ധനവ്. പ്രായപൂര്‍ത്തിയാകും മുമ്പേ പലതരത്തിലുള്ള ലൈംഗിക ചൂഷണത്തിനാണ് കുട്ടികള്‍ ഇരയാകുന്നത്. മാസം തോറും ഇത്തരം കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം മാത്രം ഇതുവരെ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 123 ആണ്. 2016 ല്‍ 112 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഈ വര്‍ഷം തന്നെ. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇങ്ങനെ ഓരോ മാസവും കേസുകളുടെ എണ്ണം പെരുകുമ്പോഴും ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജനുവരിയില്‍ അഞ്ച് കേസുകളാണ് ഉണ്ടായത്. ഫെബ്രുവരിയില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏപ്രില്‍ മാസം 17 കേസുകള്‍ ഉണ്ടായി. തൊട്ടടുത്ത മാസങ്ങളില്‍ കേസില്‍ നേരിയ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 14 ഉം 10 ഉം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരത്തില്‍ പൊലീസിന്റെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും പരിശ്രമം കാരണം കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായെന്ന് ആശ്വസിക്കുമ്പോഴായിരുന്നു വീണ്ടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. ജൂലായ് മാസത്തില്‍ ഒമ്പത് കേസുകള്‍ കൂടി അധികമായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 19 കേസാണ് ജൂലായില്‍ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ 10, 6, 11 കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പിതാവ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവവും മുത്തച്ഛന്‍ കൊച്ചുമകളെ പീഡിപ്പിച്ച സംഭവവും ഇതിന് ഉദാഹരണം. അയല്‍വാസികളുടെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടികളും ഇവിടെ കുറവല്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ജില്ലയില്‍ അരങ്ങേറിയിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഒരാള്‍ അറസ്റ്റിലായിട്ട് അധികം നാളുകളായിട്ടില്ല. അക്ഷരനഗരിയെന്നും പുകയില രഹിത നഗരമെന്നും അറിയപ്പെടുന്ന കോട്ടയത്താണ് കുരുന്നുകള്‍ക്ക് ഭീതിയോടെ ജീവികേണ്ടി വരുന്നതെന്നതും ആശങ്കയുളവാക്കുന്നു.
