സുല്‍ത്താന്‍ ബത്തേരി: അയല്‍വീട്ടിലെ കോഴിക്കുഞ്ഞിനെ പിടിച്ചതിന് വയനാട് ബത്തേരിയില്‍ എട്ട് വയസ്സുകാരിയെ മുത്തശ്ശി ചട്ടുകം വെച്ച് പൊള്ളിച്ചു. കൈകളില്‍ പൊള്ളലേറ്റ പെണ്‍കുട്ടി ബത്തേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയും പൊലീസും കേസെടുത്തു.
പൊള്ളി വീര്‍ത്ത കൈകളുമായി മദ്രസയിലെത്തിയ പെണ്‍കുട്ടിയെ മദ്രസാധ്യാപകരാണ് സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ഇരുകൈകളിലുമായി കൈത്തണ്ടയിലും കൈവെള്ളയിലുമാണ് പൊള്ളല്‍. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ:'എന്റെ അനിയത്തി അപ്പുറത്തെ കോഴിക്കുഞ്ഞിന്റെ ചങ്കു പിടിച്ച് ഞെക്കിയതിന് എന്നെയാണ് ചട്ടുകം വെച്ച് പൊള്ളിച്ചത്'
ഈ നിസാര സംഭവത്തിനാണ് ഇത്രയും കടുത്ത ഉപദ്രവം പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. പിതാവുപേക്ഷിച്ച പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം മുത്തശ്ശിയുടെ വീട്ടിലാണ് താമസം. മദ്രാസാധ്യാപകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ശിശുക്ഷേമ സമിതിയും കേസെടുക്കുകയും ചെയ്തുട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

