കോട്ടയം: എരുമേലിയിലെ ഹോട്ടലില്‍ ബാലവേല ചെയ്യുകയായിരുന്ന ആറ് കുട്ടികളെ മോചിപ്പിച്ചു. മൂന്ന് മലയാളികളടക്കം ആറ് ആണ്‍കുട്ടികളെയാണ് ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ബാലവേല ശ്രദ്ധയില്‍പ്പെട്ടത്.

ളാഹയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട ളാഹ സ്വദേശികളായ 9, 12, 14 വയസ്സ് പ്രായമുള്ള കുട്ടികളും ഉത്തരാഖണ്ഡ് സ്വദേശിയായ 14 കാരനും ഉത്തര്‍പ്രദേശ് സ്വദേശികളായ 16 വയസ്സുള്ള രണ്ട് കുട്ടികളെയുമാണ് മോചിപ്പിച്ചത്. 

ളാഹയില്‍ നിന്നും കണ്ടെത്തിയ കുട്ടികള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ 5, 8, 9 ക്ലാസുകളില്‍ പഠിക്കുന്നവരാണ്. ഇവര്‍ പല ദിവസങ്ങളിലും സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആറ് കുട്ടികളുടെയും തുടര്‍സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതാത് ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റികള്‍ തീരുമാനമെടുക്കുമെന്ന് കോട്ടയം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയി അറിയിച്ചു.