കാശ്മീരില്‍ സാധാരണക്കാരായ ഗ്രാമവാസികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സൈന്യം ബോധപൂര്‍വ്വം ആക്രമണം നടത്തുന്നെന്ന് ഇന്ത്യ ആരോപിച്ചു. ഇത്തരം തരംതാണ പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഇന്ത്യന്‍ സൈനിക ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ എ.കെ ഭട്ടാണ് പാകിസ്ഥാന്‍ സൈന്യത്തിലെ ഉന്നത ഉദ്ദോഗസ്ഥരോട് ആവശ്യപ്പെട്ടു. 

വ്യാഴാഴ്ച്ച 3.30ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള ഹോട്ട് ‍ലൈന്‍ വഴിയാണ് ഇന്ത്യ നേരിട്ട് പാകിസ്ഥാനെ പരാതികള്‍ അറിയിച്ചത്. റജൗരി ജില്ലയിലെ നൗഷര സെക്ടറില്‍ സ്കൂള്‍ കുട്ടികളുടെയും ഗ്രാമവാസികളുടെയും നേര്‍ക്ക് പാക്കിസ്ഥാന്‍ പട്ടാളം നിരന്തരം വെടിയുതിര്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ആക്രമണങ്ങള്‍ പ്രഫഷണല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൈന്യത്തിന് ചേര്‍ന്നതല്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനം കാറ്റില്‍ പറത്തി 240 അക്രമങ്ങളാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ഈ വര്‍ഷം നടത്തിയത്.