ഗുവാഹത്തി: കുട്ടികൾ ഉൾപ്പെടെ മനുഷ്യക്കടത്തിനെതിരെ നിയമം ഉണ്ടായിട്ടും രാജ്യത്ത് കുഞ്ഞുങ്ങൾ ഒരിടത്തും സുരക്ഷിതരല്ലെന്ന് നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. താൻ നയിക്കുന്ന ഭാരത്യാത്രയുടെ പ്രധാന ആവശ്യം കുട്ടികൾ ഉൾപ്പെടെയുള്ള മനുഷ്യക്കടത്തിനെതിരെ പാർലമെന്‍റ് കർശനമായ നിയമനിർമാണം നടത്തണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ മേഘാലയ ഘട്ടം ഫളാഗ് ഒാഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാത്സംഗം, ലൈംഗിക ചൂഷണം, കുട്ടിക്കടത്ത് എന്നിവക്കെതിരെ താൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭാരത്യാത്രയിലൂടെ ഇന്ത്യ കുഞ്ഞുങ്ങൾക്ക് സുരക്ഷിത ഇടമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പീഡിതരായ കുഞ്ഞുങ്ങളിൽ നിന്നുള്ള ചിരി എനിക്ക് സ്വീകരിക്കാൻ കഴിയില്ല. ഇതൊന്നും സാധാരണ കുറ്റമല്ല. ഇത് നാടിന്റെ ധാർമികതയെ ബാധിക്കുന്ന പകർച്ച വ്യാധിയാണ്.
നമ്മുടെ കുട്ടികൾ വീട്ടിലും സ്കൂളിലും അയൽപക്കങ്ങളിലും ഒന്നും തന്നെ സുരക്ഷിതരല്ല. കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. നമുക്ക് വെറുതെ കാത്തിരിക്കാനും നിരീക്ഷിക്കാനും കഴിയില്ലെന്നും സത്യാർഥി പറഞ്ഞു.
2014ൽ മലാല യൂസുഫ് സായിക്കൊപ്പമാണ് കൈലാഷ്സത്യാർഥിയെ തേടി സമാധാന നൊബേൽ സമ്മാനം എത്തിയത്. സെപ്റ്റംബർ 11നാണ് സത്യാർഥി 35 ദിവസം നീണ്ടുനിൽക്കുന്ന ഭാരത്യാത്ര തുടങ്ങിയത്. 22 സംസ്ഥാനങ്ങളിലൂടെ 11000 കിലോമീറ്റർ ദൂരം താണ്ടുന്ന യാത്ര ഒക്ടോബർ 16ന് ദില്ലിയിൽ സമാപിക്കും.
