ഇടുക്കി: ദുരന്ത ഭൂമിയില്‍ സാന്ത്വനവും സഹായവുമായി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. ഓഖി ദുരിതം വിതച്ച ചെല്ലാനം കടപ്പുറത്തെ നിവാസികള്‍ക്കാണ് മൂന്നാര്‍ ഹൈറേഞ്ച് സ്‌കൂളിലെ കുട്ടികള്‍ സഹായവുമായിയെത്തിയത്. കുട്ടികളുടെ നേതൃത്വത്തില്‍ ശേഖരിച്ച ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചതിനൊപ്പം ശുചീകരണ പ്രവര്‍ത്തനവും നടത്തിയാണ് മടങ്ങിയത്. 

ഓരോ വീടുകളിലും നേരിട്ടെത്തി ഓരോ കിറ്റുകള്‍ വീതം കുട്ടികള്‍ വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വത്തില്‍ തന്നെ കണ്ടെത്തിയ ആയിരത്തി അഞ്ഞൂറ് കിലോയോളം വരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് നല്‍കിയത്. സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സമൂഹത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. 

ഓരോ വീടുകളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിനുശേഷം വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രദേശത്ത് അടിഞ്ഞ് കൂടികിടന്ന മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമ്പാട്ടി ബാല റെഡ്ഡി, അധ്യാപകരായ ഷിന്‍സ് മാത്യു, ശ്രീ എം. വി ബൈജു, ശ്രീമതി ശാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ചെല്ലാനം കടപ്പുറത്ത് എത്തിയത്.