റിയാദ്: കുട്ടികളെ മടിയിലിരുത്തി വാഹനം ഡ്രൈവ് ചെയ്‌താല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനം ഓടിക്കാനും പാടില്ല. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നവര്‍ക്ക് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്താനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.

കുറ്റം ആവര്‍ത്തിച്ചാല്‍ കേസ് ട്രാഫിക് കോടതിയിലേക്ക് മാറ്റുമെന്ന് ട്രാഫിക് വിഭാഗം വക്താവ് താരിഖ് അല്‍ റബയാന്‍ അറിയിച്ചു. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനം ഓടിക്കുന്നതും
കുറ്റകരമാണ്. എന്നാല്‍ പിറകില്‍ സീറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഈ നിയമത്തില്‍ ഇളവ് അനുവദിക്കും. 

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ വര്‍ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ട്രാഫിക് നിയമം ഭേതഗതി
വരുത്തിയിരുന്നു. ഇതുപ്രകാരം വ്യാജ പ്ലേറ്റ് നമ്പര്‍ ഉപയോഗിച്ചാല്‍ മുവായിരം റിയാല്‍ പിഴ ചുമത്തും. ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്‌താല്‍ ആറായിരം റിയാല്‍ വരെ പിഴ ഈടാക്കും. വാഹന രെജിസ്ട്രേഷന്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കിയാല്‍ ആയിരം റിയാല്‍ മുതല്‍ രണ്ടായിരം റിയാല്‍ വരെയാണ് പിഴ. 

ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ക്കെങ്കിലും ഈട് നല്‍കിയാലും രണ്ടായിരം റിയാല്‍ വരെ പിഴ ചുമത്തും. അപകടത്തില്‍ പെടുന്ന വാഹനം അപകടസ്ഥലത്ത് നിന്നും മാറ്റുന്നതിന് മുമ്പ് അധികൃതരെ അറിയിക്കണം. ഇത് ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവോ പതിനായിരം റിയാല്‍ പിഴയോ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.