കുഞ്ഞിന്‍റെ വൈകല്യം പ്രസവ ശസ്ത്രക്രിയിലെ പിഴവെന്ന് ആരോപണം അച്ഛൻ നിരാഹാര സമരത്തില്‍ സമരം ആശുപത്രിക്ക് മുന്നില്‍ ചികിത്സയില്‍ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍
മലപ്പുറം: കുഞ്ഞിന്റെ വൈകല്യത്തിനുകാരണം പ്രസവ ശസ്ത്രക്രിയയിലെ പിഴവാണെന്നാരോപിച്ച് അച്ഛന്റെ നിരാഹാര സമരം. മലപ്പുറം എടപ്പാള് സ്വകാര്യ ആശുപത്രിക്ക് സമീപത്ത് അണ്ണക്കംപാടം സ്വദേശി അഭിലാഷാണ് സമരം നടത്തിയത്.
അഭിലാഷ്-സുമ ദമ്പതികള്ക്ക് മൂന്ന് വര്ഷം മുമ്പാണ് ആൺകുഞ്ഞ് ജനിച്ചത്. ശാരീരിക വൈകല്യത്തോടെയായിരുന്നു ജനനം. വിദഗ്ധ ചികിത്സക്ക് വേണ്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചപ്പോഴാണ് പ്രസവ ശസ്ത്രക്രിയയിലെ അപാകതയാണ് കുഞ്ഞിന്റെ വൈകല്യത്തിന് കാരണമെന്ന് അറിഞ്ഞതെന്ന് അഭിലാഷ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച ചികിത്സ തുടര്ന്നെങ്കിലും കുഞ്ഞിന് ഒരു മാറ്റവുമുണ്ടായില്ല. ആശുപത്രിക്കെതിരെ നിരവധി സ്ഥലങ്ങളില് പരാതികള് നല്കിയെങ്കിലും സാമ്പത്തിക സ്വാധീനത്തില് അതെല്ലാം അട്ടിമറിച്ചുവെന്നാണ് ആരോപണം.
ചികിത്സയെ തുടര്ന്ന് സാമ്പത്തികമായി തകര്ന്ന തനിക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും അഭിലാഷിന്റെ പറഞ്ഞു. എന്നാല്, ചികിത്സയില് പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് പരിശോധിച്ച് ഇക്കാര്യം രേഖമൂലം അറിയിച്ചിട്ടുണ്ടെന്നും അവര് പറഞ്ഞു. നിരാഹാരത്തെ തുടര്ന്ന് അവശനിലയിലായ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം കിട്ടുന്നതുവരെ നിരാഹാരസമരം തുടരാനാണ് അഭിലാഷിന്റെ തീരുമാനം.
