അതിര്‍ത്തിയില്‍ ചൈന അടുത്തകാലത്തായി സൈനിക-ആയുധ വിന്യാസത്തില്‍ നടത്തിയ പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളി ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ആണവശേഷിയുള്ള കൂടുതല്‍ മിസൈലുകള്‍ ഉള്‍പ്പടെ അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഇന്ത്യ അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചതായാണ് കേന്ദ്രപ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ കൂടുതല്‍ സൈനികരെ ഇന്ത്യ അതിര്‍ത്തിയില്‍ ഈയിടെയായി ചൈന വിന്യസിച്ചിട്ടുമുണ്ട്. കൂടാതെ, ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാക് അധിനിവേശ കശ്‌മീരിലൂടെ കടന്നുപോകുന്നതും ഇന്ത്യയ്‌ക്ക് ഭീഷണിയാണ്. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഭീകരഗ്രൂപ്പുകള്‍ക്കുള്ള സഹായം തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ നുഴഞ്ഞുകയറ്റവും അതിര്‍ത്തികടന്നുള്ള വെടിവെയ്‌പ്പും കഴിഞ്ഞ വര്‍ഷം കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.