കഴിഞ്ഞ വര്‍ഷം തടസ്സപ്പെട്ട കൈലാസ് മാനസരോവര്‍ യാത്ര ഇത്തവണ പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു

ദില്ലി: ദോക്ലാം വിഷയത്തെ തുടർന്ന് വഷളായ ഇന്ത്യാ-ചൈന ബന്ധം പൂർവസ്ഥിതിയിലേക്ക്. ടിബറ്റിലെ നാഥുലാ ചുരം തീര്‍ത്ഥാടകര്‍ക്കായി ചൈന തുറന്ന് നൽകി. ദോക്ലാം തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിൽ സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന നാഥുലാ ചുരം ചൈന അടച്ചിരുന്നു. ഇതാണ് ഇപ്പോൾ തുറന്നു കൊടുത്തത്. 

ഇതോടെ കഴിഞ്ഞ വര്‍ഷം തടസ്സപ്പെട്ട കൈലാസ് മാനസരോവര്‍ യാത്ര ഇത്തവണ പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 1580 തീര്‍ത്ഥാടകരാണ് ഇത്തവണ കൈലാസ -മാനസരോവര്‍ യാത്ര നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 47 ഇന്ത്യൻ തീര്‍ത്ഥാടകരെ ചൈന തടഞ്ഞത് വിവാദമായിരുന്നു. ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടാക്കാതെ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താനാകില്ലെന്ന് ചൈനയുടെ നടപടി സ്വാ​ഗതം ചെയ്തു കൊണ്ട് സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.