ബെയ്​ജിങ്​: സാമ്പത്തിക ഇടനാഴി സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ തയാറെന്ന്​ ചൈന. പാക്​ അധീന കശമീരിലൂടെ കടന്നുപോകുന്ന ചൈന -പാക്​ സാമ്പത്തിക ഇടനാഴി സംബന്ധിച്ചാണ്​ തർക്കം. പദ്ധതി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കൾ പരിഹരിക്കാൻ ചർച്ചയാകാമെന്ന്​ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈങ് വ്യക്​തമാക്കി.

ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ള പരിഹാരമാണ്​ വേണ്ടത്​. സാമ്പത്തിക ഇടനാഴി സംബന്ധിച്ച ചൈനയുടെ നിലപാട്​ പലതവണ ആവർത്തിച്ചതാണ്​. ഇന്ത്യയും ചൈനയും തമ്മിൽ പല വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങളുണ്ട്​. എന്നാൽ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ ഹനിക്കാത്ത പ്രശ്​ന പരിഹാരമാണ്​ വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഏതെങ്കിലും ഒരു പക്ഷത്തിനു മാത്രമായി പ്രശ്നപരിഹാരം സാധ്യമാകില്ലെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു പദ്ധതിയെ തുടക്കം മുതൽ ഇന്ത്യ എതിർത്തുവരികയാണ്​. ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി. സാമ്പത്തിക ഇടനാഴിക്കുവേണ്ടി 4600 കോടിയോളം അമേരിക്കൻ ഡോളറാണ് ചൈന മുതൽ മുടക്കിയത്.