ആഢംബരമെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത വെള്ളച്ചാട്ടമെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. സൗത്ത് വെസ്റ്റ് ചൈനയിലെ ഗ്വിയാങിലെ ഒരു ടവറില്‍ നിര്‍മ്മിച്ച കൂറ്റന്‍ വെള്ളച്ചാട്ടമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച വെള്ളച്ചാട്ടം പണത്തിന്‍റെ ധൂര്‍ത്താണെന്നാണ് ആരോപണം.

108 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച ടവറിലാണ് അത്രതന്നെ ഉയരത്തില്‍ വെള്ളച്ചാട്ടവും നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 ഡോളറാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ്. ലുഡി ഇന്‍സ്ട്രി ഗ്രൂപ്പാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാള്‍, ഓഫീസുകള്‍, ലക്ഷ്വറി ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി ഷോപ്പുകളാണ് ടവറിലുള്ളത്. 

ഭൂഗര്‍ഭ ജലവും മഴവെള്ളവും ഭൂഗര്‍ഭ ടാങ്കുകളില്‍ ശേഖരിച്ചാണ് കൃത്രിമ വെള്ളച്ചാട്ടം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിയ്ക്ക് ആദരവായാണ് വെള്ളച്ചാട്ടം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പണത്തിന്‍റെ ധൂര്‍ത്തെന്നാണ് ചൈനക്കാര്‍ ഇതിനെതിരെ ആരോപണം ഉയര്‍ത്തുന്നത്.