ബെയ്ജിങ്: ഇന്ത്യക്കാരോട് മോശമായി പെരുമാറിയ ചൈനീസ് വിമാനക്കമ്പനിയുടെ ജീവനക്കാർക്കെതിരെ പരാതി. ചൈന ഈസ്റ്റേൺ എയർലൈൻസിലെ ജീവനക്കാർ ഷാൻഹായ് വിമാനത്താവളത്തിൽവെച്ച് ഇന്ത്യക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിഷയം വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് അധികൃതർ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കണമെന്ന് അറിയിച്ചത്.
നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സത്‌നാം സിങ് ചഹാലാണ് വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയോട് പരാതിപ്പെട്ടത്. അതേസമയം ഇക്കാര്യം ചൈന ഈസ്റ്റേൺ എയർലൈൻസ് നിഷേധിച്ചിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചു വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു.
