Asianet News MalayalamAsianet News Malayalam

ഉത്തരകൊറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥശ്രമവുമായി ചൈന

Chinese President Xi calls for restraint over North Korea
Author
First Published Aug 12, 2017, 11:13 PM IST

ബീജിംഗ്: ഉത്തരകൊറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥ ശ്രമവുമായി ചൈന വീണ്ടും രംഗത്ത്. പ്രകോപനമുണ്ടാക്കുന്ന നടപടികളില്‍  നിന്നും  അമേരിക്കയും ഉത്തരകൊറിയയും വിട്ടുനില്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജിന്‍പിങ് ഫോണിലൂടെ ചര്‍ച്ച നടത്തി.

ഉത്തരകൊറിയയും അമേരിക്കയും പ്രകോപനപരമായ പ്രസ്താവനകളിലൂടെ ലോകത്ത് യുദ്ധഭീതി വിതയ്‌ക്കുന്നതിനിടെയാണ് പ്രശ്നത്തില്‍ ചൈന ഇടപെടല്‍ സജീവമാക്കുന്നത്. കടുത്ത പ്രതികരണങ്ങളിലൂടെ കൊറിയന്‍മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് സി ജിന്‍പിങ് ട്രംപിനോട് ആവശ്യപ്പെട്ടു, കൊറിയയെ ആണവായുധ വിമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് കരുതുന്നതായും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ചൈനയും ഉത്തരകൊറിയയും തമ്മിലുളള വാണിജ്യബന്ധത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് ട്രംപ് അറിയിച്ചു.

ഉത്തരകൊറിയക്കെതിരായ  ഉപരോധത്തെ ഐക്യരാഷ്‌ട്രസഭയില്‍ പിന്തുണച്ചുവെങ്കിലും അതിനുശേഷം കൊറിയന്‍ പ്രശ്നം മയപ്പെടുത്താനുളള സജീവശ്രമത്തിലാണ് ചൈന. ഉത്തരദക്ഷിണകൊറിയകളും അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍ എന്നീ രാഷ്‌ട്രങ്ങളും ചേര്‍ന്നുളള ചര്‍ച്ചകള്‍ 2009ല്‍ നിര്‍ത്തിവച്ചിരുന്നു, ഇത് പുനരാരംഭിക്കാനാണ് ചൈനയുടെ ശ്രമം. കൊറിയക്കെതിരായ ട്രംപിന്റ നീക്കത്തെ പിന്തുണയ്‌ക്കുന്ന നിലപടാണ് ബ്രിട്ടന്‍ അടക്കമുളള പല രാജ്യങ്ങളും സ്വീകരിക്കുന്നത്.  

റഷ്യയും ജര്‍മ്മനിയും പുതിയ സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. അതേസമയം 35 ലക്ഷം ആളുകളെ കൂടുതലായി ചേര്‍ത്ത് ഉത്തരകൊറിയ സൈനികശക്തി വിപുലികരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികളും വിമുക്തഭടന്‍മാരും അടക്കമുളളവരോട് സൈന്യത്തില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.

 

 

Follow Us:
Download App:
  • android
  • ios