സിംല: ചൈനീസ് പട്ടാളം സിക്കിം സെക്‌ടറിലേക്ക് കടന്ന് ഇന്ത്യന്‍ ബങ്കര്‍ തകര്‍ത്തു. രണ്ടു ബങ്കറുകളാണ് ചൈനീസ് പട്ടാളം തകര്‍ത്തത്. വര്‍ഷങ്ങളായി ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന സിക്കിമിലെ ഡോക ലാ ജനറല്‍ ഏരിയയിലാണ് ഇന്ന് പ്രശ്‌നമുണ്ടായത്. ഇതുകൂടാതെ കൈലാസ് മാനസരോവര്‍ യാത്രയ്‌ക്കെത്തിയ തീര്‍ത്ഥാടകരെ ചൈനീസ് പട്ടാളം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന, ചൈനീസ് പട്ടാളക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവരെ തള്ളിമാറ്റിയാണ് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളക്കാര്‍, ഇന്ത്യന്‍ ഭാഗങ്ങള്‍ മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്യുകയും, ചിത്രങ്ങളെടുക്കുകയും ചെയ്തു. അതിനുശേഷമാണ് ഡോക ലാ ഏരിയയിലെ രണ്ടു ബങ്കറുകള്‍ തകര്‍ത്തത്. അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ ജൂണ്‍ 20ന് ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ഫ്ലാഗ് മീറ്റിങ് നടത്തിയിരുന്നു. സിക്കിം-ഭൂട്ടാന്‍-ടിബറ്റ് സംഗമസ്ഥാനമാണ് ഡോക ലാ. അതുകൊണ്ടുതന്നെ ഇവിടെ വര്‍ഷങ്ങളായി ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 2008 നവംബറിലും ചൈനീസ് പട്ടാളം ഇവിടുത്തെ ബങ്കറുകള്‍ തകര്‍ത്തിരുന്നു.