ജിമിക്കി കമ്മലിന് ചുവട് വച്ച് നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും താരമായപ്പോള്‍ ജിമിക്കി കമ്മലിന് ഒരു ചുവട് പോലും വക്കാതെയാണ് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം സമൂഹമാധ്യമങ്ങളില്‍ താരമായത്. ട്രോളുകളിലും ചിന്തയാണ് ഇപ്പോഴത്തെ താരം. ഓര്‍ത്തഡോക്സ് സഭയുടെ യുവജനസമ്മേളന വേദിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചിന്ത ജെറോമിനെ ട്രോളുകളുടെ പ്രിയതാരമാക്കിയത്. ചിന്ത ജെറോമുമായി എല്‍സ ട്രീസ ജോസ് നടത്തിയ അഭിമുഖം.

യുവജന സമ്മേളനത്തിനിടയില്‍ ചിന്ത ജെറോം പറഞ്ഞത്
"കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടേയും ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോകുന്ന അച്ഛന്മാരും കേരളത്തിലില്ല. ജിമിക്കിയും കമ്മലും മോഷ്ടിച്ച് കൊണ്ട് പോയാല്‍ ബ്രാണ്ടി എടുത്ത് കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്ത് കൊണ്ട് ജിമിക്കീം കമ്മലും ഹിറ്റായി മാറുന്നുവെന്നുള്ളത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം. നമ്മളറിയാത്ത ചില സംസ്കാരം ഈ നാട്ടിലേയ്ക്ക് കടന്ന് വരികയാണ്. യുവതലമുറയെ നിശബ്ദരാക്കാന്‍ ഇത്തരത്തിലുള്ള മനശാസ്ത്രങ്ങള്‍ നമ്മളറിയാതെ നമ്മുക്ക് ഇടയിലേയ്ക്ക് കടത്തി വിട്ടെത്തുന്ന അധിനിവേശ സംസ്കാരത്തെ ചെറുത്ത് തോല്‍പിക്കാന്‍ നേരിന്റെ പക്ഷത്ത് നില്‍ക്കുന്നവരായി നിങ്ങള്‍ ഓരോരുത്തരും മാറേണ്ടതുണ്ട്‍. "

സമൂഹമാധ്യമങ്ങളിലെ വിര്‍ശനങ്ങളെയും ട്രോളുകളെയും ചിന്ത എങ്ങനെ കാണുന്നു?

ട്രോളുകളെ വളരെ പോസിറ്റീവ് ആയി ആണ് കാണുന്നത്. അവയെ സ്വാഗതം ചെയ്യുന്നു. അവയെല്ലാം വായിച്ച് ചിരിക്കാറുമുണ്ട്. പുതിയ തലമുറ വളരെ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം ഉണ്ട് അല്ലാതെ ട്രോളുകള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല. 

സിനിമ മേഖലയില്‍ നിന്നും ചിന്തയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെക്കുറിച്ച്?

യുവജനസമ്മേളന വേദിയില്‍ നടന്ന മുഴുവന്‍ പ്രസംഗം കേള്‍ക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. പുതിയ തലമുറ ഏറെ ചടുലമായ താളങ്ങളെ സ്വീകരിക്കുന്നവരാണെന്ന് മാത്രമാണ് ആ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചത്, എന്നാല്‍ അത് അങ്ങനെ അല്ല സ്വീകരിക്കപ്പെട്ടെതെന്നാണ് നിലവിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. 

ഷാന്‍ റഹ്മാന്റെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. സംഗീതം ആസ്വദിക്കുകയും മാറ്റങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷേ കലയ്ക്ക് വിനോദത്തിനുമപ്പുറം സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒന്നാണ് കല അതിന് സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കപ്പെടണമെന്നാണ് എന്റെ നിലപാട്.

യുവതലമുറ സെല്‍ഫിയിലേയ്ക്ക് ചുരുങ്ങുന്നുവെന്ന് കരുതുന്നുണ്ടോ?

സെല്‍ഫി, സ്വാര്‍ത്ഥമായ ഒന്നാണ്. ഞാനും സെല്‍ഫി എടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. എന്നാല്‍ സെല്‍ഫിയുടെ സ്വാര്‍ത്ഥതയില്‍ നിന്ന് വെളിയില്‍ വരാന്‍ യുവാക്കള്‍ക്ക് സാധിക്കണം. രാജ്യത്തെ പല പ്രശ്നങ്ങളിലും ആദ്യം പ്രതികരിക്കുന്നത് കലാലയങ്ങള്‍ തന്നെയാണ്. പക്ഷേ കല പല രീതിയിലും , പലപ്പോഴും തെറ്റായ രീതിയില്‍ യുവതയെ സ്വാധീനിക്കുന്നുണ്ട്. അല്ലാതെ യുവാക്കള്‍ക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ചര്‍ച്ചകള്‍ വായനശാലകളിലും ബാര്‍ബര്‍ഷോപ്പുകളിലും മാത്രമാണ് നടക്കുന്നതെന്ന് കരുതുന്നുണ്ടോ?

ചര്‍ച്ചകള്‍ എല്ലായിടുത്തും നടക്കുന്നുണ്ട്. മാറുന്ന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നേരിട്ട് അറിയാത്തവര്‍ തമ്മില്‍ വരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ അവ പണ്ടത്തെ വായനശാലകളില്‍ നടക്കുന്ന ചര്‍ച്ചയുടെ അത്ര സജീവമാണെന്ന് കരുതുന്നില്ല. 

സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നിരവധി ആളുകള്‍ ഉണ്ട് എന്നാല്‍ അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റം എന്തെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകണം എന്നാല്‍ അവയ്ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതെ പോവുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.