അവൾ ഇരയല്ല, സർവൈവറാണ് അവൾക്കൊപ്പം നിൽക്കുന്നു

അക്രമിക്കപ്പെട്ട പെൺകുട്ടിക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അങ്ങനെയല്ലാത്തവരെ ചരിത്രം ഒറ്റപ്പെടുത്തുമെന്നും യുവജന കമ്മീഷൻ ചെയർ‌പേഴ്സൺ ചിന്താ ജെറോം. നമ്മളെല്ലാവരും ചെയ്യേണ്ടത് അക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുക എന്നതാണ്. ആ പെൺകുട്ടിക്ക് ഒപ്പം നിൽക്കാത്തവർ ചരിത്രത്തിൽ കുറ്റക്കാരായി അടയാളപ്പെടും. അവരുടെ സഹപ്രവർത്തകരും ഈ പെൺകുട്ടിക്ക് ഒപ്പമാണ് നിൽക്കേണ്ടത്. അങ്ങനെയെല്ലാവരും നിൽക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

''അവരെ ഇരയെന്ന് വിളിക്കരുത്. സർവൈവർ എന്ന പേരാണ് അവൾക്ക് വേണ്ടത്. തന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ അതിജീവിച്ചവളാണ് ആ പെൺകുട്ടി. സാധാരണ ഇത്തരം സംഭവങ്ങൾ മൂടി വയ്ക്കാൻ ശ്രമിക്കുമ്പോൾ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സധൈര്യം മുന്നോട്ട് വന്നവളാണ്. ചില പൊതുബോധങ്ങളെ പൊളിച്ചെഴുതി പൊരുതുന്നവളാണ്. യഥാർത്ഥത്തിൽ അവൾ നമുക്കൊക്കെ മാതൃകയാണ്. കാരണം തകർന്നു പോകാതെ പിടിച്ചു നിൽക്കാനുള്ള ധൈര്യം കാണിച്ചു. അപ്പോൾ അവൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. അങ്ങനെയാണ് നിൽക്കുന്നത്. അവളുടെ സഹപ്രവർത്തകർ അവളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' - ചിന്തജെറോം പറഞ്ഞു.