ബണ്ടിന്‍റ ഇരുവശങ്ങളിലും ഭിത്തികള്‍ കെട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.

കൊല്ലം : ശക്തമായ മഴയെ തുടർന്ന് കുണ്ടറ ചിറ്റുമല ചിറയിലെ ജലനിരപ്പ് ഉയർന്നത് സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. ജനവാസമേഖലയേയും ചിറയെയും തമ്മില്‍ വേർതിരിക്കുന്ന ബണ്ട് ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. 

ചിറ്റുമല ചിറ കവിഞ്ഞ് ഒഴുക്കുകയാണ്. ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമില്ലാത്തത് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊല്ലം ജില്ലയുടെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന ചിറ്റുമല പുഞ്ചയും തൊട്ടടുത്തുള്ള വട്ടക്കായലും വെള്ളം കയറിനിറഞ്ഞു. ജനവാസമേഖലയിലേക്ക് വെള്ളം കയറാതിരിക്കാൻ വർഷങ്ങള്‍ക്കു മുമ്പ് നിർമ്മിച്ച ചിറ്റുമല ചിരവരമ്പ് ബണ്ട് കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ സമിപ വാസികളും ആശങ്കയിലായി. 

ബണ്ടിന്‍റെ പലസ്ഥലങ്ങളും ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. വരമ്പ് തകർന്നാല്‍ നൂറ്കണക്കിന് ആളുകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് വെള്ളം ഒഴുകിയെത്തും ഇത് വലിയ ദുരന്തത്തിന് വഴിവക്കകയും ചെയ്യും. രണ്ടര കിലോമീറ്റർ നീളമുള്ള ചിറവരമ്പ് ബണ്ട് നിർമ്മിച്ചതിന് ശേഷം ഇതുവരെയായും അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല.

ബണ്ടിന്‍റ ഇരുവശങ്ങളിലും ഭിത്തികള്‍ കെട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. ചിറയിലെ ജലനിരപ്പ് നിയന്ത്രിക്കുന്തിന് വേണ്ടി സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങളും തകരാറിലായി ചീപ്പിലൂടെ വെള്ളം കവിഞ്ഞ് ഒഴുകുകയാണ്. സംഭവം ജലവിഭവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ മണല്‍ ചാക്കുകള്‍ തല്‍ക്കാലം ചോർച്ച പരിഹരിച്ചിരിച്ചു. മഴക്കാലം കഴിഞ്ഞാല്‍ ചിറവരമ്പ് ബലപ്പെടുത്തുന്നതിന് ആവശ്യമായ നടപടിസ്വികരിക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു.