കോട്ടയം:സിറ്റിംഗ് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടാവുന്ന ചെങ്ങന്നൂ ഉപതെരഞ്ഞെടുപ്പിൽ UDF ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി.കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫ് തോറ്റതെന്നും ഇത്തവണ ചെങ്ങന്നൂരില്‍ രാഷ്ട്രീയ വിജയമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം.മാണി യുഡിഎഫില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് മാണി യുഡിഎഫിന്‍റെ ഭാഗമാക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് അവരാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. 

2006-ലും 2016-ലും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി.സി.വിഷ്ണുനാഥ് ജയിച്ചു കയറിയ മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. എന്നാല്‍ 2016-ലെ ത്രികോണ മത്സരത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായരോട് സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയായിരുന്നു. മൂന്ന് മുന്നണികള്‍ക്കും ശക്തമായ വേരോട്ടമുള്ള ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ടുകളും, വിഷ്ണുനാഥിന് 44,897 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പ്പിള്ളയ്ക്ക് 42,682 വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതയായ മത്സരിച്ച ശോഭനാ ജോര്‍ജ്ജ് 3966 വോട്ടുകളും നേടി. 

സിറ്റിംഗ് എംഎല്‍എ മരണപ്പെട്ട സാഹചര്യത്തില്‍ ജൂണിനകം തന്നെ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കുമെന്നാണ് മൂന്ന് മുന്നണികളും കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസ് വിഷ്ണുനാഥിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് എല്ലാ സാധ്യതയും. സജി ചെറിയാന്‍റേയും സി.എസ്.സുജാതയുടേയും പേരാണ് എല്‍ഡിഎഫ് ക്യാംപില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പി.എസ്.ശ്രീധരന്‍പ്പിള്ളയും എം.ടി.രമേശുമാണ് ബിജെപിസ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നത്.