തൃശൂര്‍: ശോഭാ സിറ്റി മാളിലെ റസ്റ്റോറന്‍റില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവ ഡോക്ടര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അടിയന്തിര ഘട്ടത്തില്‍ ചികിത്സാ സൗകര്യമൊരുക്കാത്ത മാളിനെതിരെ നടപടിയെടുക്കണമെന്ന് യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു. ആംബുലന്‍സ് സേവനം മാളിന് സമീപത്തായി പൂര്‍ണസമയവും ഉണ്ടാകണമെന്ന് ശോഭാ സിറ്റി മാനെജ്‌മെന്റിന് പൊലീസ് നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ ഗവണ്‍മെന്‍റ് മാനസികാരോഗ്യകേന്ദ്രത്തിലെ യുവഡോക്ടറായ ഡോ. ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ വച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട ഡോക്ടറെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്.
ഈ സമയം മാളില്‍ ആംബുലന്‍സ് സേവനം ലഭ്യമായിരുന്നില്ല. നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന സ്ഥലമായിട്ടും അത്യാഹിതമുണ്ടായ സമയത്ത് സുരക്ഷ ഒരുക്കുന്നതില്‍ മാനെജ്‌മെന്റ് വീഴ്ചവരുത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം
ഡോ. ലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധനയ്‌ക്കെത്തി. മാളിനോട് ചേര്‍ന്ന് പൂര്‍ണസമയവും ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി എസ്പി പറഞ്ഞു. യുവ ഡോക്ടറുടെ ദാരുണ മരണത്തോടെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാളുകളിലെ സുരക്ഷ പ്രതിസന്ധിയാണ് പുറത്തുവന്നിരിക്കുന്നത്.
