കൊച്ചി: ചോറ്റാനിക്കരയിലെ നാല് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ച് കോടതി കുറിച്ചത് ചരിത്രപരമായ വരികളായിരുന്നു. ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല.. സ്ത്രീത്വത്തിന് അപമാനമാണവര്‍. പെണ്‍കുട്ടിയുടെ അമ്മ എന്ന് ഉപയോഗിക്കേണ്ടിടത്തെല്ലാം ബയോളജിക്കല്‍ മദര്‍ (ജൈവിക അമ്മ) എന്നാണ് കോടതി പ്രയോഗിച്ചത്.

അപൂര്‍വങ്ങളില് അപൂര്‍വമായ വിഭാഗത്തില്‍ പരിഗണിക്കാവുന്ന പ്രവൃത്തികളാണ് അമ്മയടക്കമുള്ള പ്രതികളില്‍ നിന്ന് ഉണ്ടായതെന്നും കോടതി വിലയിരുത്തി. കുട്ടിയുടെ സംരക്ഷക കൂടിയായ അമ്മ തെന്ന മകളെ കൊല്ലാനും മൃതദേഹം മറവു ചെയ്യാനും കൂട്ടുനിന്നത് ഗുരുതര കുറ്റമാണ്. പ്രതികള്‍ക്ക് പ്രായം കുറവാണെന്നും മാനസാന്തരപ്പെടാന്‍ സമയമുണ്ടെന്നുമുള്ള എതിര്‍ഭാഗം വാദങ്ങള്‍ തള്ളിയാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

പെട്ടെന്നുള്ള പ്രകോപനം മൂലം ഗൂഢാലോചന നടത്തി കൊലചെയ്യുകയായിരുന്നില്ല. ഒന്നാം പ്രതി ര‍ഞ്ജിത്തുമായുള്ള അവിഹിതത്തിന് തടസമാകുന്നതിന്‍റെ പേരിലാണ് കുട്ടിയെ കൊല ചെയ്തതെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എങ്കിലും കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്താത്തത് ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം തന്നെ കുട്ടിയുടെ ശരീരത്തില്‍ 25 മുറിവുകള്‍ ഉണ്ടായതും ലൈംഗിക പീഡനം നടന്നുവെന്ന സ്ഥിരീകരണവും കോടത് ഇതിനോട് ചേര്‍ത്തുവായിക്കുകയായിരുന്നു.

2013 ഒക്ടോബറിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരുന്ന റാണി വാടകവീട്ടില്‍ താമസം തുടങ്ങി. വീട്ടില്‍ സഹോദരനെന്ന പേരില്‍ ഒരു കാമുകനെ താമസിച്ചു പോന്നു. പ്രതി രഞ്ജിത്തുമായി നേരത്തെ തന്നെ റാണിക്ക് ബന്ധമുണ്ടായിരുന്നു. കാമുകനോടൊപ്പം റാണി പുറത്തുപോയ സമയത്ത് സ്കൂള്‍ കഴിഞ്ഞെത്തിയ പെണ്‍കുട്ടിയെ പീഡനത്തിനരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് റാണിയും കാമുകന്‍ ബേസിലും എത്തി പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.