ഇടതുമുന്നണിയെ തുണച്ചത് ക്രൈസ്തവ, ഈഴവ വോട്ടുകള്‍ നായർ, ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച യുഡിഎഫിന് തിരിച്ചടി
ചെങ്ങന്നൂര്: ന്യൂനപക്ഷ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും കഴിഞ്ഞ തവണ ബിജെപി അനുകൂലമായി നിന്ന ഒരു വിഭാഗം ഈഴവ വോട്ടുകൾ അനുകൂലമായതുമാണ് ചെങ്ങന്നൂരിൽ ഇടത് മുന്നണിക്ക് നേട്ടമായത്. നായർ, ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച യുഡിഎഫിനാകട്ടെ ഇത് ഗുണം ചെയ്തതും ഇല്ല.
ആരോപണ പെരുമഴയില് തകര്ന്നടിഞ്ഞ് നിന്ന പിണറായി സര്ക്കാരിനും മുന്നണിക്കും ചെങ്ങന്നൂരിലെ ചരിത്ര വിജയം വലിയ കരുത്താണ് നല്കുന്നത്. അതേസമയം യു.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിലേത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ചേരി മാറിയ പരമ്പരാഗത വോട്ടുകള് അനുകൂല അന്തരീക്ഷത്തിൽ പോലും യു.ഡി.എഫിലേയ്ക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പിക്കുന്ന ഫലം മുന്നണിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.
