കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് യേശുവിന്‍റെ മൃതദേഹം കിടത്തിയതെന്നു കരുതപ്പെടുന്ന ഭാഗം മാര്‍ബിള്‍ ഫലകം കൊണ്ടു മൂടി. എ.ഡി. 1555 മുതല്‍ കല്ലറയെ പൊതിഞ്ഞ് ഈ മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. പിന്നീട് തീപ്പിടിത്തത്തില്‍ ഭാഗികമായി നശിച്ച കല്ലറ 1808-1810 കാലഘട്ടത്തിലാണ് പുനരുദ്ധരിക്കുന്നത്.

കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ ഗവേഷകര്‍ യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലവും യതാര്‍ത്ഥ ശിലയും കണ്ടെത്തി ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. കല്ലറയുടെ ഉള്ളറരഹസ്യങ്ങള്‍ക്ക് പുറമെ ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ആദ്യമായി നടക്കുന്ന ഈ പര്യവേക്ഷണം വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ.

2017ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും. നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ പര്യവേക്ഷണദൃശ്യങ്ങള്‍ ലോകപൈതൃക സംരക്ഷണത്തിന്റെ ഭാഗമായി അടുത്തമാസം സംപ്രേഷണം ചെയ്യും.