ജനീവ: സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനും അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി. ഇതനുസരിച്ച് പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സിറിയന്‍ സര്‍ക്കാര്‍ സേന ആക്രമണം നടത്തുന്നത് അവസാനിപ്പിക്കും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺകെറിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് യുദ്ധവിരാമത്തിന് ധാരണയായത്.
ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയും റഷ്യയും ഒരുമിച്ച് പോരാടാനും ധാരണയായി. സെപ്റ്റംബർ 12 മുതല്‍ യുദ്ധവിരാമം നടപ്പിലാവും. ജനീവയിലായിരുന്നു ഇരു നേതാക്കളുടെയും ചര്‍ച്ച.
സിറിയയെ ഇക്കാര്യം അറിയിച്ചെന്നും പദ്ധതി സിറിയ അംഗീകരിച്ചെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് വ്യക്തമാക്കി. പദ്ധതി നടപ്പിലാവാന്‍ സര്‍ക്കാറും പ്രതിപക്ഷവും അവരവരുടെ ബാധ്യതകള്‍ നിറവേറ്റണമെന്ന് ജോണ്‍ കെറി പറഞ്ഞു. പദ്ധതിയോട് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്ന് വ്യക്തമാക്കി.
യുദ്ധനടപടികള്‍ അവസാനിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം റഷ്യയും അമേരിക്കയും ഐഎസിനെതിരെ പോരാടാന്‍ സംയുക്ത വേദി രൂപീകരിക്കുമെന്നാണ് സൂചന.
