തിരുവനന്തപുരം: ഇന്ന് അര്‍ധ രാത്രി മുതല്‍ 48 മണിക്കൂര്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഒരു കാരണവശാലും തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബലപ്രയോഗം അടക്കമുള്ള ഒന്നും പണിമുടക്കിന്‍റെ ഭാഗമായി ഉണ്ടാകില്ല. ദേശീയ പണിമുടക്ക് ഹർത്താല്‍ അല്ലെന്നും കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധമാണെന്നും കരീം വ്യക്തമാക്കി.

ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ല, കടകൾക്ക് കല്ലെറിയില്ല, കടയടക്കാൻ ആരെയും നിർബന്ധിക്കില്ല, സ്വകാര്യ വാഹനങ്ങള്‍ തടയില്ല, ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും സിഐടിയു സെക്രട്ടറി പറഞ്ഞു. പാൽവിതരണം, ആശുപത്രികൾ, ടൂറിസം തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് എളമരം കരീം അറിയിച്ചു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇതിനോട് നല്ല രീതിയില്‍ സഹകരിക്കുമെന്ന് ഉറപ്പുണ്ടെന്നും കരീം വിശദീകരിച്ചു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച്  സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച് എം എസ്, യുടിയുസി തുടങ്ങി 10 ഓളം തൊ‍ഴിലാളി സംഘടനകളാണ് സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. 

രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.