റായ്‍ഗര്‍: സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച കക്കൂസ് നിര്‍മ്മാണം തടസ്സമില്ലാതെ നടക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ഉദ്ദ്യോഗസ്ഥന്റെ ഭീഷണി. ഛത്തീസ്‍ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം. മുനിസിപ്പല്‍ കോര്‍പറേഷന്‍ സബ് എഞ്ചിനീയര്‍ ഐ.പി സാരഥിക്കെതിരെയാണ് വെള്ളിയാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റായ്‍ഗര്‍ ജില്ലയിലെ ടെണ്ടുടിപ്പ എന്ന പ്രദേശത്ത് താമസിക്കുന്ന 32കാരിയായ യുവതിക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം കക്കൂസ് അനുവദിച്ചു. ഇതിന്റെ നിര്‍മ്മാണം നടന്നുവരികയായിരുന്നു. എന്നാല്‍ നവംബര്‍ 21ന് മുനിസിപ്പാലിറ്റി പെട്ടെന്ന് യുവതിക്ക് നോട്ടീസ് നല്‍കി. കക്കൂസ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും അത് നിര്‍ത്തിവെയ്‌ക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. നോട്ടീസിന് മറുപടിയായി എല്ലാ രേഖകളും യുവതി ഓഫീസില്‍ ഹാജരാക്കി. തുടര്‍ന്ന് നിര്‍മ്മാണം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സബ് എഞ്ചിനീയര്‍ക്ക് അപേക്ഷയും നല്‍കി. എന്നാല്‍ തൊട്ടടുത്ത ദിവസം യുവതിയുടെ ഫോണിലേക്ക് സബ് എഞ്ചിനീയര്‍ നേരിട്ട് വിളിച്ച്, കക്കൂസ് നിര്‍മ്മാണം നടക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. അനുസരിച്ചില്ലെങ്കില്‍ യുവതിയുടെ വീടും അനധികൃതമാണെന്ന് മുദ്രകുത്തി പൊളിച്ച് കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു.