തിരുവനന്തപുരം: സബ്‌സിഡി ഇല്ലാത്ത ഉത്പനങ്ങള്‍ വാങ്ങിയാലേ സബ്‌സിബിയുള്ള ഉത്പന്നങ്ങള്‍ നല്‍കാവൂവെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേന്റെ രഹസ്യസര്‍ക്കുലര്‍. ഇത് മൂലം പല മാവേലി സ്റ്റോറുകളിലും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നു. സബ്‌സിഡി ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ നടപടിയെന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേന്റെ വിശദീകരണം.

സംസ്ഥാനത്തെ വിവിധ മാവേലി സ്റ്റോറുകളിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റ ഹൈപ്പര്‍ മാര്‍ക്കറ്റിലുമുള്ള കാഴ്ചയാണിത്. സബ്‌സിഡി ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ വരുന്നവരോട് സബ്‌സിഡി ഇല്ലാത്തവ കൂടി വാങ്ങണമെന്ന ജീവനക്കാരുടെ നിര്‍ദ്ദേശമാണ് ബഹളത്തില്‍ കലാശിക്കുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, പയര്‍, പരിപ്പ് തുടങ്ങി 17 ഓളം ഉത്പനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍ ഇവ വാങ്ങാന്‍ വരുന്നവരോട് സബ്‌സിഡി ഇല്ലാത്ത ഒരു ഉത്പന്നമെങ്കിലും എടുപ്പിക്കണമെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം

എന്നാല്‍ ഈ രീതി കൊള്ളയാണെന്നാണ് സാധാരണക്കാരുടെ നിലപാട്. സബ്‌സിഡി ദുരുപയോഗം ചെയ്യാതിരിക്കാനുമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം ചില കച്ചവടക്കാര്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ വാങ്ങി വലിയ വിലക്ക് വില്‍ക്കുന്നുണ്ടെന്നും ഇത് തടയാനാണ് ശ്രമമെന്നും കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. പൊതു മാര്‍ക്കറ്റില്‍ 220 രൂപ വിലയുള്ള വെളിച്ചെണ്ണ സബ്‌സിഡിയായി കിലോക്ക് 90 നിരക്കിലാണ് നല്‍കിയത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോള്‍ കാര്‍ഡോന്നിന് അരലിറ്ററായി കുറച്ചു. ആഘോഷക്കാലത്ത് വരുമാനം വര്‍ദ്ധിപ്പിക്കുയെന്ന ലക്ഷ്യവുമുണ്ട്.