കോഴിക്കോട്: മുസ്ലീംലീഗിന് സ്വാധിനമുള്ള പള്ളികളില്‍ കലാപത്തിന് ആളെ കൂട്ടുന്നുണ്ടെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതാവ് ഇസ്മായില്‍ കറുമ്പൊയില്‍. വെള്ളിയാഴ്ച്ച ജുമഅ നിസ്‌കാരത്തിന് ശേഷം ലീഗിന് സ്വാധീനമുള്ള പള്ളികളില്‍ കലാപത്തിന് ആളെക്കൂട്ടുന്നുണ്ടെന്ന് ഇസ്മയില്‍ കറുമ്പൊയില്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത് വിവാദമായിരുന്നു.
ഗെയില്‍ വിരുദ്ധ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തുന്ന ലീഗിന്റെ ഏതാനും നേതാക്കളുടെ ഇടപെടല്‍ കരുതിയിരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഫേസ് ബുക്കിലൂടെ നടത്തിയതെന്ന് ഇസ്മായില്‍ കറുമ്പൊയില്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പൂവമ്പായി ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ എംഎഫ്എസ് വിദ്യാര്‍ത്ഥികളെ അണിനിരത്തി സ്കൂളിന് പിറകിലൂടെ കടന്നുപോവുന്ന ഗെയില്‍ പൈപ്പ് ലൈനിനെതിരെ കലാപമുയര്‍ത്താന്‍ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ സ്ഥലത്തെ പ്രധാന നേതാവ് മൊബൈല്‍ ഫോണ്‍ വഴി വെള്ളിയാഴ്ച പ്രസംഗത്തിന് ആഹ്വാനം ചെയ്തതുംചിലര്‍ തന്റെശ്രദ്ധയില്‍ പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ താന്‍ പ്രതികരിച്ചതെന്ന് ഇസ്മായില്‍ കറുമ്പൊയില്‍ പ്രസ്താവനയില്‍ പറയുന്നു.
സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടക്കെതിരെയും കിനാലൂര്‍ മേഖലയിലെ മുസ്ലിംലീഗ് നേതാക്കളുടെയും ഇസ്ലാമിക തീവ്രവാദികളുടെയും നിലപാടുകള്‍ക്കെതിരെയും പ്രതികരിക്കാറുണ്ട്!. പള്ളികള്‍ക്കകത്ത് പല പ്രശ്‌നങ്ങളും നടക്കുമ്പോള്‍ അതിലിടപെട്ട് പരിഹാരം കണ്ടിട്ടുണ്ട്. എന്നാല്‍ കപടമതബോധം മറയാക്കി ഡി.സി.സി പ്രസിഡന്റുപ്പെടെയുള്ളവര്‍ കുപ്രചാരണങ്ങള്‍ നടത്തി ഭീഷണി മുഴക്കുന്നു.ഡി.സി.സിയല്ല സാക്ഷാല്‍ എ.ഐ.സി.സി വന്നാലും കീഴടങ്ങാന്‍ തനിക്ക് മനസ്സില്ലെന്നും ഇസ്മയില്‍ കറുമ്പൊയില്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
ഇസ്മയില്‍ കറുമ്പൊയിലിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം...
കിനാലൂര്‍ മേഖലയിലെ മുസ്ലിം ലീഗ് നേതാക്കളുടെ തീവ്രനിലപാടുകള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ ഡി.സി.സി പ്രസിഡന്‍റുള്‍പ്പെടെയുള്ളവര്‍ കപടമതബോധത്തെ മറയാക്കി കുപ്രചാരണങ്ങള്‍ നടത്തി ഭീഷണി മുഴക്കുകയാണ്. ഗെയില്‍ വിരുദ്ധ സമരത്തെ വര്‍ഗീയ വല്ക്കരിക്കാന്‍ ശ്രമം നടത്തി വരുന്ന ലീഗിന്‍റെ ഏതാനും നേതാക്കളുടെ ഇടപെടലില്‍ കരുതിയിരിക്കാനുള്ള അഭ്യര്‍ത്ഥന എന്റെ പൊതു സാമൂഹ്യബോധത്തില്‍ നിന്നു രൂപപ്പെട്ടതാണ്.
സംഘപരിവാറിന്‍റെ വര്‍ഗ്ഗീയ അജണ്ടക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി വരുന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനെന്ന് എന്റെ പൊതുപ്രവര്‍ത്തനം വിലയിരുത്തുന്ന ഏതൊരാള്‍ക്കും അറിയാം.അതോടൊപ്പം അരക്ഷിതാവസ്ഥയിലായ ഇന്ത്യന്‍ മുസ്ലിം ജനതയെ അപകടത്തിലേക്ക് നയിക്കാന്‍ വെമ്പുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിലപാടിനെതിരെയും ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ പള്ളികള്‍ക്കകത്ത് വഴക്കും വക്കാണവും അടിപിടിയും കേസും പുകിലും പുക്കാറുമൊക്കെയുണ്ടാക്കുമ്പോള്‍ അവര്‍ക്കിടയില്‍ സമാധാന ശ്രമങ്ങള്‍ നടത്തി യോജിപ്പിന്‍റെ മേഖലകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ നടത്തി വരുന്ന ശ്രമങ്ങള്‍ സംബന്ധിച്ച് എന്റെ മഹല്ല് നിവാസികളോട് അന്വേഷിക്കുക... അതിനിടയില്‍ ഡി.സി.സിയല്ല സാക്ഷാല്‍ എ.ഐ.സി.സി.മൊത്തം വന്നാലും കീഴടങ്ങാന്‍ എനിക്ക് മനസ്സില്ല.
പൂവമ്പായി ഹയര്‍ഡസെക്കന്‍ററി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അദ്ധ്യാപക നേതാവ് സ്കൂളിലെ MSF വിദ്യാര്‍ത്ഥികളെ അണിനിരത്തി സ്കൂളിന് പിറകിലൂടെ കടന്നു പോവുന്ന ഗെയിള്‍ പൈപ്പ് ലൈനിനെതിരെ കലാപമുയര്‍ത്താന്‍ ആഹ്വാനം ചെയ്തത് നല്ല സൂചനയായോ? മാത്രമല്ല സ്ഥലത്തെ പ്രധാന ദിവ്യ നായ നേതാവ് മൊബൈള്‍ ഫോണ്‍ വഴി വെള്ളിയാഴ്ച പ്രസംഗത്തിന് ആഹ്വാനം ചെയ്തതും ഇതു സംബന്ധിച്ച് ലീഗിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് സംബന്ധിച്ചും കിനാലൂരിലെ പാര്‍ട്ടി സഖാക്കള്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.
വെള്ളിയാഴ്ച പ്രസംഗത്തിലൂടെ മതവിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരീകരിക്കാനുള്ള നീക്കത്തില്‍ ജാഗ്രത പുലര്‍ത്താന്‍ അഭ്യര്‍ത്ഥന നടത്തേണ്ടത് ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ബാദ്ധ്യതയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രതികരിച്ചത്.ഇതിന്റെ പേരില്‍ എന്നെയും എന്‍റെ പ്രസ്ഥാനത്തെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കത്തെ ചെറുക്കുക തന്നെ ചെയ്യും. നിശ്ചയം ...
