എറണാകുളം: ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യൻമാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്കും ലാബ് ടെക്നീഷ്യനും പരുക്കേറ്റു.ക്യാൻറീനില്‍ ഡോക്ടര്‍മാരുടെ കസേരയില്‍ ലാബ് ടെക്നീഷ്യൻ ഇരുന്നതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.

പ്രഭാത ഭക്ഷണം കഴിക്കാനായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍റീനിലെത്തിയതാണ് ലാബ് ടെക്നീഷ്യമാരായ ആകാശ്. നാലു പേര്‍ക്ക് ഇരിക്കാൻ കസേരയില്ലാത്തതിനാല്‍ ഒരെണ്ണം തൊട്ടടുത്ത് നിന്ന് എടുത്തു. ഡോക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന കസേര എടുത്തതിനെ സര്‍ജനായ ഡോ സജി മാത്യൂ ചോദ്യം ചെയ്തതാണ് സംഘര്‍ശത്തിന് തുടക്കമിട്ടതെന്ന് ലാബ് ടെക്നീഷ്യൻമാര്‍ പറഞ്ഞു.

ആകാശ് എന്ന ടെക്നീഷ്യനെ ഡോക്ടര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പരുക്കേറ്റ ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്.അതെസമയം ലാബ് ടെക്നീഷ്യന്മാര്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്ന് ഡോ സജി മാത്യു പറഞ്ഞു.സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ലാബ് ടെക്നീഷ്യൻമാര്‍ ജോലിയില്‍ നിന്ന് അല്‍പനേരം വിട്ടുനിന്നത് രോഗികളെ വലച്ചു.പ്രശ്നം രമ്യമായി ഒത്തുതീര്‍പ്പാക്കാനാണ് ജനറല്‍ ആശുപത്രി അധികൃതരുടെ ശ്രമം.