സര്‍ക്കാരും പൊലീസ് മേധാവി ടി.പി സെന്‍കുമാറും തമ്മിലെ പോര് വീണ്ടും മുറുകുന്നു. പൊലീസ് ആസ്ഥാനത്തു നിന്നും രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. സ്ഥലംമാറ്റത്തിനുള്ള അധികാരം തനിക്കാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാരിന്‍റെ തീരുമാനം.

സെന്‍കുമാറും പൊലീസ് ആസ്ഥാനത്തെ പോര് രൂക്ഷമായി തുടരുന്നു. സര്‍ക്കാരുമായി നീണ്ട നിയമയുദ്ധത്തിന് ശേഷം പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാറുമായി വീണ്ടും സര്‍ക്കാര്‍ ഇടയുന്നു. പൊലീസ് ആസ്ഥാനത്തെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരെ മാറ്റിയ സെന്‍കുമാറിനെ നടപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയത്. ഡി.ജി.പിക്കു കീഴിയിലുള്ള രഹസ്യ വിഭാഗമായ ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന സെന്‍കുമാറിനെതിരെ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെയായിരുന്നു നീക്കം. സ്ഥലംമാറ്റി മൂന്നു ദിവസം കഴിഞ്ഞിട്ടും ബീന അതേ കസേരയില്‍ തുടരുകയായിരുന്നു. ഇതിനിടെ സ്ഥലമാറ്റത്തിനു അധികാരം തനിക്കാണെന്നും മാനദണ്ഡങ്ങള്‍ സംഘിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

കൊടുവള്ളി എം.എല്‍.എക്ക് വധഭീഷണിയുണ്ടെന്ന പരാതിയിന്മേല്‍ ടി ബ്രാഞ്ചില്‍ നാലുമാസമായിട്ടും ഒരു നടപടിയുമെടുക്കാതെ ഉദ്യോഗസ്ഥ വൈകിപ്പിച്ചുവെന്നുമായിരുന്നു സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വീഴ്ചവരുത്തിയിട്ടില്ലെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ ഇന്റലിജന്‍സ് മേധാവിക്ക് അന്വേഷണത്തിന് കൈമാറിയിരുന്നുവെന്നുമുള്ള ഐ.ജി ബല്‍റാകുമാര്‍ ഉപാധ്യയയുടെ റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തള്ളുന്നതായിരുന്നു ഡി.ജി.പിയുടെ റിപ്പോര്‍‍ട്ട്. ഇതിനു പിന്നാലെയാണ് ഡി.ജി.പി പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്തത്. നിലവിലെ സാഹചര്യം തുടരാനും വിവാദങ്ങളുണ്ടാതെ കൂട്ടായ തീരുമാനമെടുക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. പക്ഷെ തനിക്ക് ഔദ്യോഗികമായി ഒരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്ന നിലപാടിലാണ് സെന്‍കുമാര്‍. സെന്‍കുമാര്‍ ഒരുഭാഗത്തും മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസ് ആസ്ഥാനത്തെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും മറുഭാഗത്തും നിന്നുള്ള പോരാണ് രൂക്ഷമാകുന്നത്.